Monday, September 21, 2015

'തിരിച്ചറിവിന്റെ നായ് പാഠം' അഥവാ 'ഒരു പട്ടിക്കഥ'

                                             



                                                    പേ ഉള്ളതും ഇല്ലാത്തതുമായ നായകൾ നാട്ടിലെമ്പാടും അക്രം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന കാലമാണല്ലോ... നായ്ക്കളെ തല്ലിക്കൊല്ലണമെന്നും വേണ്ട സംരക്ഷിച്ചാൽ മതിയെന്നും അതല്ല അവറ്റകളുടെ വംശവർദ്ധനവിന് അറുതി വരുത്തിയാൽ മതിയെന്നുമുള്ള നാട്ടാരുടെ സ്വരച്ചേർച്ചയില്ലാത്ത അഭിപ്രായ പ്രകടനങ്ങളെ തലനാരിഴ കീറി വിശകലനം ചെയ്യാൻ ഞാൻ ആളല്ല. പകരം എന്റെ ഒരു സ്നേഹിതന് നായകളെക്കുറിച്ചുണ്ടായ ഒരു തിരിച്ചറിവ് ഇവിടെ കുറിക്കുന്നു.


സ്നേഹിതന്റെ പേര് വിനീഷ്. ആൾ സുന്ദരൻ സുമുഖൻ വിശാല ഹൃദയൻ. മൂപ്പരുടെ വളർത്തുനായയും മൂപ്പരേപ്പോലെത്തന്നെ. നല്ല മിനുമിനുത്ത കറുത്ത നിറം, ഉയരം കുറവ്,സ്വരത്തിലും അസാമാന്യമായ സാമ്യം. നായയുടെ പേര് സാലി. അനാവശ്യമായ കുരയോ ബഹളങ്ങളോ സാലിക്കില്ല. പ്രായം തികഞ്ഞ പെൺകിടാങ്ങൾ അസമയത്ത് വീട്ടിൽ നിന്നിറങ്ങി നടക്കരുത് എന്ന വിശ്വാസപ്രമാണക്കാരനാണ് തന്റെ യജമാനനൻ എന്നറിയാവുന്നതു കൊണ്ടാവണം ; സാലി രാത്രി കൂട് തുറന്ന് വിട്ടാലും പുറത്തിറങ്ങി നടക്കാറില്ല. ഇടക്കിടെ വിനീഷിന്റെ വീട്ടിൽ മതിൽചാടി വന്ന് അല്ലറ ചില്ലറ മോഷണം നടത്തുന്ന കള്ളന്മാരെ പോലും വ്രീളാവതിയായ സാലി അലോസരപ്പെടുത്താറില്ല.

അടുത്ത വീടുകളിലുള്ള ശുനകവീരന്മാരെ മോഹിപ്പിച്ചുകൊണ്ട് അവൾ ആ ഇരുമ്പ് കൂടിനുള്ളിൽ സദാ വിരാജിച്ചു. ചിങ്ങം മുപ്പത്തൊന്ന് കഴിഞ്ഞുള്ള ഒരുമാസക്കാലം സാലിക്കുള്ള പ്രണയാഭ്യർത്ഥനയുമായി വരുന്ന പൂവാലന്മാരെ ഓടിച്ചു കളയലാണ് വിനീഷിന്റെ മുഖ്യതൊഴിൽ. ഹതാശരായി ഓടിയകലുന്ന ശുനകന്മാരുടെ കുര 'ഹിറ്റ്ലർ' ഹിറ്റ്ലർ' എന്നാണോന്ന് പോലും നമുക്ക് സംശയം തോന്നും.
ഏതാനും മാസങ്ങൾ കടന്നുപോയി. ഉത്സാഹവതിയായി മാത്രം കാണപ്പെടാറുള്ള സാലി ക്ഷീണിതയായി കാണപ്പെട്ടു. യജമാനനായ വിനീഷിനെ കാണുമ്പോഴുള്ള പതിവ് കുരപോലുമില്ല! സാലിക്ക് ഇതെന്തുപറ്റി? അവൻ ആകെ വിഷമത്തിലായി. അവൾ വേണ്ടും വിധം ഭക്ഷണം കഴിക്കുന്നില്ല. ഓജസ്സും തേജസ്സുമുള്ള ആ പഴയ സാലിയെ തിരിച്ച് കിട്ടുമോ എന്നു പോലും വിനീഷിന് സംശയമായി.

അവസാനം സാലിയെ ഒരു നല്ല ഡോക്ടറെ കാണിക്കുവാൻ തന്നെ തീരുമാനിച്ചു. സാലിയുടെ ലക്ഷണങ്ങൾ പരിശോധിച്ച ഡോക്ടർ പരിഭ്രാന്തനായി നിന്നിരുന്ന വിനീഷിനരികിലെത്തി അല്പം നാടകീയമായി ഒരു ഹസ്തദാനം ചെയ്ത് പുഞ്ചിരിയോടെ മൊഴിഞ്ഞു. 'താങ്കളുടെ സാലി ഗർഭിണിയാണ്'
പകച്ചുപോയി അവന്റെ ബാല്യവും അതുവരെയുള്ള യൗവ്വനവും...!
'അസംഭവ്യം...! ഒരിക്കലുമില്ല ഡോക്ടർ... ഡോക്ടർക്ക് തെറ്റുപറ്റിയതായിരിക്കും. വേറൊരു പട്ടിയുമായും അവൾക്ക് സംസർഗ്ഗം ഉണ്ടായിട്ടില്ല. ഉറപ്പ്...'
അവൻ തറപ്പിച്ചു പറഞ്ഞപ്പോൾ ഡോക്ടർ അവനെയൊന്ന് ഉഴിഞ്ഞ് നോക്കി..
'നിങ്ങളുടെ നാട്ടിൽ ഇതിനു മുമ്പ് ഇതുപോലെ ദിവ്യഗർഭം റിപ്പോർട്ട് ചെയ്തിട്ടുണ്ടോ'
പന്തിയല്ലാത്ത ആ ചോദ്യം കേട്ട് വിനീഷ് അമ്പരന്നു.
ഇനിയും നിന്നാൽ ഒരുപക്ഷേ ആ ഗർഭത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം തന്നിൽ ആക്ഷേപിച്ചേക്കുമോ എന്ന് ഭയന്ന് അവൻ സാലിയെ കൂട്ടി വീട്ടിലേക്ക് മടങ്ങി.

എന്നാലും അത് എങ്ങിനെ സംഭവിച്ചുവെന്ന് അവന് ഒരു ഊഹവുമില്ലായിരുന്നു. കാരണം നല്ല ഉയരമുള്ള മതിൽക്കെട്ടിനകത്താണ് വീട്. സാലിയെ പകൽ അഴിച്ചുവിടാറില്ല. രാത്രി ഗേറ്റ് അടച്ച് പൂട്ടിയതിനു ശേഷമേ തുറന്നു വിടുകയുമുള്ളൂ. ഒരു മനുഷ്യനു പോലും ആ മതിൽ ചാടിക്കടക്കണമെങ്കിൽ നന്നായി അധ്വാനിക്കണം. പിന്നെയെങ്ങിനെ മറ്റൊരു നായ അകത്തു കടക്കും?
നാളിതുവരെ സാലി മതിൽക്കെട്ട് കടന്ന് പോയിട്ടുമില്ല. ചിന്തകൾ വിനീഷിന്റെ ഉറക്കം കെടുത്തി. നിദ്രയുടെ പതിമൂന്നാം യാമത്തിലെങ്ങോ വിനീഷ് സാലിയുടെ കാതരമായ സ്വരം കേട്ടു... കാതോർത്തപ്പോൾ അവനു മനസ്സിലായി... സാലി ഒറ്റക്കല്ല അവൾക്കരികിൽ മറ്റാരോ ഉണ്ട്...!
ആരാണത്?
ഭയ വിഹ്വലനെങ്കിലും അവൻ ലൈറ്റിടാതെ, ശബ്ദമുണ്ടാക്കാതെ ടോർച്ചുമെടുത്ത് പുറത്തിറങ്ങി... ആകാംക്ഷയുടെ നിമിഷങ്ങൾ...
ബ്രൈറ്റ് ലൈറ്റിന്റെ വെട്ടത്തിൽ, സാലിയുടെ കൂടിനരികിൽ അവൻ ഞെട്ടിപ്പിക്കുന്ന ആ കാഴ്ച കണ്ടു...
രാജപ്പൻ ചേട്ടന്റെ വളർത്തുനായ ടൈഗർ... അവൻ സാലിയോട് കിന്നരിക്കുന്നു... വിനീഷിന് ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു.
'ഡാ പട്ടീ..' വിനീഷ് ടൈഗറിന്റെ ശിരസ്സിന് നേർക്ക് രണ്ടായിരം രൂപയുടെ ടോർച്ച് ഓങ്ങിക്കൊണ്ട് പാഞ്ഞു ചെന്നു... പക്ഷേ ആ നിമിഷം തന്നെ ടൈഗർ അപ്രത്യക്ഷനായി... അമ്പരപ്പോടെ നിന്ന വിനീഷിനെ കളിയാക്കിക്കുരച്ചുകൊണ്ട് ടൈഗർ അതാ മതിൽക്കെട്ടിനു പുറത്തെ വഴിയിൽ നിൽക്കുന്നു... ഇതെന്തൊരത്ഭുതം...!
ആ രഹസ്യം വിനീഷിന്റെ മുന്നിൽ മറനീക്കി പുറത്തുവന്നു. സാലിയുടെ കൂടിനോട് ചേർന്ന് ഒരു വിക്കറ്റ് ഗേറ്റുണ്ട്. അതിന്റെ താഴെ കുറച്ചുഭാഗം ദ്രവിച്ച് ചെറിയൊരു ദ്വാരമായതിലൂടെ ഒരു സർക്കസ് അഭ്യാസിയുടെ മെയ് വഴക്കത്തോടെ നൂണ്ട് കയറിയാണ് ടൈഗർ തന്റെ പ്രിയതമയോട് പ്രണയം പങ്കിടാനെത്തിയിരുന്നത്.
വിനീഷ് പകകൊണ്ട് ജ്വലിച്ചു. അവൻ ആ നിമിഷം തന്നെ ആ ഭാഗം ഒരു പട്ടികകൊണ്ട് അടച്ചു. പിറ്റേന്ന് രാവിലെ തന്നെ ടൈഗറിന്റെ ഉടമയായ രാജപ്പൻ ചേട്ടനുമായി ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു. അതിൻപ്രകാരം രാജപ്പൻ ചേട്ടൻ പകൽ മുഴുവനും ടൈഗറിനെ തുറന്ന് വിട്ടിട്ട് രാത്രി പൂട്ടിയിടും. സാലി പകൽ കൂടിന്റെ ബന്ധനത്തിലും രാത്രി മതിക്കെട്ടിന്റെ ബന്ധനത്തിലും.
ടൈഗർ വിനീഷിനെ കാണുമ്പോഴെല്ലാം അരിശത്തോടെ തെറി കുരച്ചു. നായകനേയും നായികയേയും ഒന്നാകാൻ സമ്മതിക്കാത്ത വില്ലന്റെ പരിവേഷമായിരുന്നു വിനീഷിന് നാട്ടിലെ മറ്റു നായകളുടെ മനസ്സിൽ...


അങ്ങിനെ സാലി നാല് കുട്ടികൾക്ക് ജന്മം നൽകി. അതിലൊന്ന് ടൈഗറിന്റെ തനി പകർപ്പായിരുന്നു. മറ്റുള്ള മൂന്നിനും അയൽ വക്കത്തെ മൂന്ന് നായകളുടെ ഛായയായിരുന്നു. ചെറിയൊരു ദ്വാരം നൂണ്ടുകടക്കാനുള്ള മെയ് വഴക്കം നാട്ടിലെ മറ്റു നായകൾക്കുമുണ്ടെന്ന് വിനീഷിന് അപ്പോൾ മാത്രമാണ് മനസ്സിലായത്. ദോഷം പറയരുതല്ലോ, ടൈഗർ നാടൻ നായയാണെങ്കിലും ചന്തമൊത്തവനായിരുന്നു. അതുകൊണ്ട് തന്നെ, മറ്റു കുഞ്ഞുങ്ങളെ ബന്ധുക്കൾക്ക് കൊടുത്തിട്ടും ടൈഗറിന്റെ ഛായയുള്ള കുഞ്ഞിനെ കൊടുക്കാൻ വിനീഷിന് മനസ്സുവന്നില്ല. അവനെ വിനീഷ് സാലിയെപ്പോലെ സ്നേഹിച്ച് വളർത്താൻ തുടങ്ങി. എന്നാൽ പോലും വിനീഷിന് ടൈഗറിനോടുള്ള പകയടങ്ങിയിട്ടില്ലായിരുന്നു.
തന്റെ പ്രിയപ്പെട്ടവളേയും കുഞ്ഞിനേയും ഒരുനോക്ക് കാണാൻ ടൈഗർ കിണഞ്ഞ് ശ്രമിച്ചെങ്കിലും ക്രൂരനായ വിനീഷ് അതെല്ലാം വിഫലമാക്കി. സാലി ഇനിയൊരു കുഞ്ഞിന് ജന്മം നൽകുകയാണെങ്കിൽ അത് അന്തസ്സും കുലീനതയുമുള്ള തറവാട്ടിൽപ്പിറന്ന ഒരു ലാബ്രഡോറിൽ നിന്ന് മാത്രമായിരിക്കും .അവൻ തീർച്ചയാാക്കി.

കാലം കടന്നുപോയി...
നിരാശനായ ടൈഗർ മറ്റൊരു വീട്ടിലെ നാടൻ നായയിൽ തന്റെ ഇണയെ കണ്ടെത്തി.
വിനീഷ് സാലിക്ക് പറ്റിയൊരു ഇണയെ ഇണയെത്തേടി നാടുമുഴുവൻ അലഞ്ഞു. നിരാശയായിരുന്നു ഫലം.
കുറേനാൾ കഴിഞ്ഞപ്പോൾ സാലി വീണ്ടും ക്ഷീണിതയായി കാണപ്പെട്ടു. ഉത്സാഹമില്ലായ്മ... ഭക്ഷണത്തോടുള്ള വിമുഖത...ഏതു നേരവും കിടപ്പ് തന്നെ. ഇത്തവണയും വിനീഷ് സാലിയേയും കൊണ്ട് വെറ്റിനറി ഡോക്ടറെ കാണാൻ ചെന്നു. പഴയ അതേ ഡോക്ടർ... അദ്ദേഹം പരിശോധിച്ചു. വിനീഷിനെ സൂക്ഷിച്ചു നോക്കി...
'സാലിക്ക് എന്താ ഡോക്ടർ അസുഖം?' വിനീഷ് ആശങ്കയോടെ തിരക്കി.
'ഓ, പേടിക്കാനൊന്നുമില്ല. ഗർഭിണിയായ നായകൾക്ക് കണ്ടുവരുന്ന പതിവ് ലക്ഷണങ്ങൾ മാത്രമേ ഉള്ളൂ...' അദ്ദേഹം നിസാരമട്ടിൽ പറഞ്ഞു.
'നോ.....' വിനീഷ് പൊട്ടിത്തെറിച്ചു.
'ഇല്ല ഡോക്ടർ ഒരിക്കലുമില്ല... അതിന് ഒരു സാധ്യ്തയുമില്ല...'
'തനിക്ക് എത്ര വയസ്സുണ്ട്?' ഡോക്ടർ അക്ഷോഭ്യനായി തിരക്കി.
'ഇരുപത്തി രണ്ട്'
'വിവാഹിതനാണോ'
'അല്ല.'
'ഇരുപത്തിരണ്ട് വർഷം ഇണചേരാതെ ജീവിക്കാൻ തനിക്ക് പറ്റും.പക്ഷേ തന്റെ നായക്കത് പറ്റില്ല'
അതും പറഞ്ഞ് അദ്ദേഹം നടന്ന് നീങ്ങി.
വിനീഷ് തകർന്ന് പോയി. അവൻ ദേഷ്യത്തോടെ സാലിയെ നോക്കി. അവൾ പ്രത്യേകിച്ചൊന്നും സംഭവിക്കാത്തമട്ടിൽ തന്റെ കിടപ്പ് തുടർന്നു. അവൻ വീടും പരിസരവും അരിച്ചു പെറുക്കി പരിശോധിച്ചു. ഇല്ല മണ്ണിരക്ക് കടക്കാനുള്ള പഴുതു പോലുമില്ല... അവന്റെ മനസ്സ് പാഴ്ചിന്തകളുടെ കൊടുങ്കാടുകൾ കയറി.

ഒരു വീക്കെൻഡിൽ പതിവുപോലെ ഞങ്ങൾ കൂട്ടുകാർ വിനീഷിന്റെ വീട്ടിൽ ചെന്നു. അവൻ ഈ ദിവ്യ ഗർഭത്തിന്റെ കഥ ഞങ്ങളോട് പറഞ്ഞു. ഞങ്ങളും ആ മതിൽക്കെട്ട് പരിശോധിച്ചു. പിന്നാമ്പുറത്തേക്ക് പോയ അപ്പുക്കുട്ടൻ പാഞ്ഞു വന്നു
'ഡാ രാജപ്പൻ ചേട്ടന്റെ ടൈഗർ നിന്റെ വീടിന്റെ പിന്നാമ്പുറത്ത് നിൽക്കുന്നു.'
വിനീഷിന്റെ മുഖത്ത് ദേഷ്യം അരിച്ചുകയറിയെങ്കിലും അടുത്ത് നിമിഷം അവൻ പൊട്ടിച്ചിരിച്ചു.
'എടാ അത് ടൈഗറല്ല...സാലീടെ മോൻ ടിപ്പുവാ. അവനെ കുളിപ്പിക്കാൻ കെട്ടിയിട്ടിരിക്കുന്നതാ...'
'ഓഹോ, അവനെ എവിടെയാ കെട്ടിയിടുന്നത്? ഞാൻ തിരക്കി.
'അവന് വേറെ കൂടുണ്ട്'
'രാത്രിയോ?' ചോദ്യം വിമലിന്റേതായിരുന്നു.
'രാത്രി തുറന്നുവിടും'
'അപ്പോ സാലി?' വിമൽ ചോദിച്ചു.
'രണ്ടുപേരേം തുറന്നുവിടും.അവരീ മതിൽക്കെട്ട് കടന്ന് പോകാറില്ല' വിനീഷ് പ്രതിവചിച്ചു.
'എന്നിട്ടാണോ നീ സാലീടെ ഗർഭത്തിന് ഉത്തരവാദിയെ തിരക്കുന്നത്?'
'നീയെന്ത് അസംബന്ധമാണീ പപറയുന്നത്? അവര് അമ്മേം മോനുമല്ലേ?' വിനീഷിന്റെ തികച്ചും നിഷ്ക്കളങ്കമായ ആ ചോദ്യം കേട്ട്
ഞങ്ങൾ ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു.
ഞങ്ങൾ മൂന്നുപേരുടെയും രൂക്ഷമായ നോട്ടത്തിനു മുന്നിൽ പകച്ച അവൻ ആ ചോദ്യം ഒന്നുകൂടി ആവർത്തിച്ചു.
'സാലീം, ടിപ്പൂം അമ്മേം മോനുമല്ലേ, അവരങ്ങിനെ ചെയ്യുമോ?'
അപ്പുക്കുട്ടൻ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു...' എടാ ആ ഒരു വകതിരിവില്ലാത്തതുകൊണ്ടല്ലേ ഇവറ്റകളെ പട്ടികളെന്ന് വിളിക്കുന്നത്...'
ആ പുതിയ തിരിച്ചറിവിൽ മലർക്കേ തുറന്ന അവന്റെ വാ ഒരു ഗുഹാകവാടം പോലെ തോന്നിച്ചു. പക്ഷേ ടിപ്പു ഇടക്കിടക്ക് തന്റെ നേരേ കുരച്ചു ചാടാറുള്ളത് വകതിരിവില്ലാത്തതുകൊണ്ടോ അതോ അവന്റെ അച്ഛനോട് ചെയ്ത ക്രൂരതയുടെ പ്രതികാരാർത്ഥമോ എന്ന് കാലമിത്ര കഴിഞ്ഞിട്ടും വിനീഷിന് മനസ്സിലായിട്ടില്ല... അതിന് തൃപ്തികരമായൊരു വിശദീകരണം കൊടുക്കാൻ ഞങ്ങൾക്കും കഴിഞ്ഞിട്ടില്ല.