Monday, June 5, 2017

സംഘി ഭഗവാൻ്റെ തിരുസന്നിധിയിൽ...



ബീഫ് നിരോധിച്ചു...
ബീഫ് നിരോധിച്ചു...
ബീഫ് നിരോധിച്ചു...

നാടായ നാടാകെ ചാനലായ ചാനലൊക്കെ സംഭവം വിളംബരം ചെയ്തു. കേട്ടവർ കേട്ടവർ മൂക്കത്തു വിരൽ വെച്ചു. ചിലർ കണ്ണീർ പൊഴിച്ചു. ചിലർ കേന്ദ്രസർക്കാറിന്റെ പിതൃക്കളെ സ്മരിച്ചു. വല്ലാത്തൊരു ചെയ്ത്തായിപ്പോയി!. സുബ്രഹ്മണ്യൻ സഖാവിന് സങ്കടമടക്കാനായില്ല. പാർട്ടി ഏരിയാ സെക്രട്ടറി മൂസാ ഹാജി എല്ലാ വർഷവും നോമ്പുതുറക്ക് ക്ഷണിക്കാറുള്ളതാണ്. ഇത്തവണ ക്ഷണിക്കുമോ ആവോ? ക്ഷണിച്ചാൽ തന്നെ നല്ല കുരുമുളകിട്ട് വരട്ടിയ ബീഫുണ്ടാകില്ലല്ലോ എന്ന ചിന്ത മൂപ്പരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. 'ഫാസിസം നമ്മുടെയൊക്കെ അടുക്കളവരെയെത്തി'യെന്നും പറഞ്ഞാണ് ഗീവർഗ്ഗീസ് സഖാവ് കേറി വന്നതുതന്നെ.
നാട്ടുകാരെ മുഴുവൻ സംഘടിപ്പിച്ച് ഒരുഗ്രൻ പ്രതിഷേധ യോഗവും ധർണ്ണയും നടത്തണം. പരിപാടി വൈകീട്ട് സംഘടിപ്പിച്ചാലേ മൾട്ടിനാഷണൽ കമ്പനികളിലൊക്കെ ജോലി നോക്കുന്ന പുത്തൻ കൂറ്റ് സഖാക്കന്മാരുടെ പ്രാതിനിധ്യമുണ്ടാവൂ. പരമാവധി ആളുകളെത്തണമെങ്കിൽ ബീഫ് ഫെസ്റ്റ്  തന്നെ നടത്തണം. അതിനോട് എല്ലാവരും യോജിച്ചു.

ബീഫ് ഫെസ്റ്റൊക്കെ കൊള്ളാം, പക്ഷേ നോമ്പ് കാലമായതു കൊണ്ട് വൈകീട്ടെന്നത് അല്പം ഇരുട്ടുന്നതാണ് നല്ലതെന്ന് മൂസാഹാജി. എന്നാലേ നോമ്പുതുറയൊക്കെ കഴിഞ്ഞ് മനസ്സറിഞ്ഞ് വല്ലതും കഴിക്കാൻ പറ്റൂ. പശുവിനെ ബിസ്മിചൊല്ലി അറക്കാൻ പറ്റിയ ആളെ മൂപ്പരുതന്നെ തരപ്പെടുത്തി. പശുവിനെ തന്നെ അറക്കണോ എന്നൊരു സംശയം പ്രകടിപ്പിച്ച ശിവൻ കുട്ടിയേയും, അയ്യപ്പനേയും, കൃഷ്ണൻ നായരേയുമൊക്കെ സുബ്രഹ്മണ്യൻ സഖാവ് കണക്കിന് ശകാരിച്ചു. പശുവിനെ മാതാവായികാണുന്ന കേവല സംഘികളെപ്പോലെ പാർട്ടി ഓഫീസിനകത്ത് സംസാരിക്കരുതെന്ന് വിലക്കുകയും ചെയ്തു. ബീഫ് ഫെസ്റ്റിന്റെ നോട്ടീസ് അടിക്കാൻ അന്തോണിച്ചനെ ചുമതലപ്പെടുത്തി.

അങ്ങിനെ പരിപാവനമായ ബീഫ് ഫെസ്റ്റ് ദിനം വന്നെത്തി. വിശുദ്ധപശുവിനെ ഹലാൽ ബീഫാക്കി, അനന്തരം കുരുമുളക് മുന്തിയകണക്കിൽ ചേർത്ത് വരട്ടി പാത്രത്തിലാക്കി. എരിവ് അല്പം മുമ്പിൽ നിന്നാലേ ഓസിന് കിട്ടുന്നത് നക്കാൻ വരുന്ന ചില പെറ്റി ബൂർഷ്വാകളുടെ തീറ്റിക്ക് തടയിടാൻ പറ്റൂ. മീറ്റിങ്ങിനും പ്രകടനത്തിനും വരാൻ വിമുഖത കാട്ടുന്ന ചിലരൊക്കെ സമയത്തിനുമുന്നേ വന്ന് സ്ഥലം പിടിച്ചിട്ടുണ്ട്.
വെന്ത ബീഫിൽ നിന്നും വമിക്കുന്ന കൊതിപ്പിക്കുന്ന മസാലക്കൂട്ടിന്റെ ഗന്ധത്തിൻ്റെ പശ്ചാത്തലത്തിൽ യോഗം പൊടിപൊടിച്ചു.

ബ്രഡും ബീഫും കഴിച്ച് ശക്തിയായ പ്രതിഷേധം രേഖപ്പെടുത്താൻ വെമ്പി  നിൽക്കുന്നവരുടെ ആവേശത്തിനുമുന്നിൽ പ്രാസംഗികരെല്ലാം തങ്ങളുടെ വാചാടോപം നിയന്ത്രിച്ചു . എങ്കിലും, മനുഷ്യൻ ഭക്ഷിക്കേണ്ട പശുക്കളേയും മറ്റും ആരാധിക്കുന്നതിലെ നിരർത്ഥകതയും യുക്തിഹീനതയുമൊക്കെ ഊന്നിപ്പറയാൻ സുബ്രഹ്മണ്യൻ സഖാവ് മറന്നില്ല. ഒടുവിൽ യോഗം അവസാനിച്ചുവെന്ന അദ്ധ്യക്ഷന്റെ പ്രഖ്യാപനവും കൂടി വന്നതോടെ അണികൾ വർദ്ധിതാവേശത്തോടെ സിന്ദാബാദ് വിളിച്ച് താന്താങ്ങൾക്ക് കിട്ടിയ ഡിസ്പോസിബിൾ പ്ലേറ്റിൽ പ്രതിഷേധിക്കാനാരംഭിച്ചു.

തന്റെ ഭാര്യക്കും, മക്കൾക്കും, അവരുടെ ഭാര്യമാർക്കും കൊച്ചു മക്കൾക്കും പ്രതിഷേധിക്കാനുള്ള വക ഒരു വാഴയിലയിൽ പൊതിഞ്ഞാണ് സുബ്രഹ്മണ്യൻ സഖാവ് വീട്ടിലെത്തിയത്. കേന്ദ്രസർക്കാറിന്റെ കിരാത നടപടികളിൽ പ്രതിഷേധിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഒരു ബോധവൽക്കരണ ക്ലാസ്സ് നൽകിയതിന് ശേഷം മാത്രമാണ് അയാൾ ഭാര്യയെ ആ പൊതി തുറക്കാനനുവദിച്ചത്. പിറ്റേന്ന് മകന്റെ ഇളയകുട്ടിയുടെ ചോറൂണ് നടത്താൻ ഗുരുവായൂർക്ക് പോകേണ്ടതുകൊണ്ട് മാത്രം അയാൾ നോട്ട് നിരോധനത്തെ പറ്റിയും പ്രധാനമന്ത്രിയുടെ അനാവശ്യ വിദേശപര്യടനത്തെപ്പറ്റിയും വിശദീകരിക്കാൻ തുനിഞ്ഞില്ല.

പിറ്റേന്ന്  കൊച്ചുമകന് ചോറൂണ് നടത്തി അമ്പലത്തിനകത്ത് കടക്കാനുള്ള നെടുങ്കൻ വരിയുടെ പിന്നിലേക്ക് നടക്കുമ്പോഴാണ് സഖാവ്  ഗീവർഗ്ഗീസിന്റെ വിളി വന്നത്. തൊട്ടടുത്ത മണ്ഡലത്തിലെ ബീഫ് ഫെസ്റ്റിലേക്കുള്ള ക്ഷണംഅറിയിക്കലായിരുന്നു ഉദ്ദേശം.
ഗുരുവായൂരിലാണെന്ന് പറഞ്ഞപ്പോൾ ഗീവർഗ്ഗീസ് തന്റെ പ്രതിഷേധം അറിയിച്ചു .
" തനിക്ക് മകന്റെ കൊച്ചിന്റെ ചോറൂണ് വല്ല അയ്യപ്പ ക്ഷേത്രത്തിലും വെച്ച് നടത്തിയാപ്പോരായിരുന്നോ, അങ്ങേരാണെങ്കിൽ നമ്മളെപ്പോലെ മതേതരനാണ്. ഗുരുവായൂരപ്പനും, അനന്തപത്മനാഭനുമൊക്കെ തികഞ്ഞ വർഗ്ഗീയവാദികളല്ലേ, ഇത്രേമധികം ഭക്തിഗാനമൊക്കെ പാടിയിട്ടുള്ള ഞങ്ങളുടെ യേശുദാസിനെ ഒന്ന് കാണാൻ തയ്യാറായിട്ടുണ്ടോ അവര്? പോരാത്തതിന് ഗുരുവായൂരപ്പനാണെങ്കി സംഘിയാണോന്ന് പോലും സംശയമുണ്ട്. ഏതുനേരോം ഒരു പശുവുണ്ട് കൂടെ... ചെന്നസ്ഥിതിക്ക് ഏതായാലും കേന്ദ്രത്തിലെ ക്ണാപ്പന്മാരെ താഴെയിറക്കാനുള്ള വല്ല വഴിപാടുമുണ്ടെങ്കി ചെയ്തോ."

ഗീവർഗ്ഗീസ് ഫോൺ വച്ചപ്പോഴാണ് സുബ്രഹ്മണ്യന് വെളിപാടുണ്ടായത്. അല്ലാ, പറഞ്ഞപോലെ ചോറൂണ് അയ്യപ്പസ്വാമിയുടെ ക്ഷേത്രത്തിൽ പോരായിരുന്നോ? മുന്തിയ അയ്യപ്പ ക്ഷേത്രമെന്ന് പറയുന്നത് ശബരിമലയാണ്. അവിടെ പോകാൻ പക്ഷെ കഠിനമായ വ്രതചര്യകളൊക്കെ വേണം. ഇനി പോകാമെന്ന് വെച്ചാൽ തന്നെ വീട്ടിലെ സ്ത്രീകൾക്കാർക്കും ചോറൂണ് ചടങ്ങ് കാണാൻ പറ്റില്ല. അപ്പോൾ പിന്നെ ഗുരുവായൂരപ്പൻ തന്നെ ശരണം. എന്നാലും ചില സംശയങ്ങൾ ബാക്കിയായി.  അയാൾ അടുത്തുനിന്ന ഭാര്യ സുജാതയുടെ കാതിൽ ചോദിച്ചു

"അല്ലാ, ഈ ഗുരുവായൂരപ്പൻ ശരിക്കും സംഘിയാണോ? അവന്മാരാണെങ്കിൽ ബാലഗോകുലം, ഗോശാല, ഗോപൂജ, ശ്രീകൃഷ്ണ ജയന്തിയെന്നൊക്കെ പറഞ്ഞ് ഭഗവാന്റെ പേരിൽ ഓരോ പരിപാടികള് നടത്തുന്നത് കാണാം. നമ്മളാണെങ്കി പശൂനെ ബീഫ് ഫെസ്റ്റിന് മാത്രമല്ലേ ഉപയോഗിക്കുന്നുള്ളൂ."

സുജാതയുടെ പ്രജ്ഞയിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു.
"അല്ലാ, നിങ്ങളിന്നലെ ബീഫെന്നും പറഞ്ഞ് കൊണ്ടുതന്നത് പശുവിറച്ചിയായിരുന്നോ?"
"അതേ"
"മനുഷ്യാ ഞങ്ങളത് പോത്തിറച്ചിയാണെന്നല്ലേ വിചാരിച്ചത്? കൊച്ചിന് ചോറുകൊടുക്കാൻ ഗുരുവായൂരപ്പന്റെടുത്ത് വന്നത് ഭഗവാന്റെ വാഹനത്തെ കറിവെച്ച് തിന്നിട്ടാണല്ലോ ഈശ്വരാ!!!"

സുബ്രഹ്മണ്യന്  അതിലത്ര അപാകതയൊന്നും തോന്നിയില്ല. 'ഭഗവാൻ്റെ അവതാരമായ മത്സ്യത്തേയും, കൂർമ്മത്തെയും, വരാഹത്തേയും കഴിക്കാറുണ്ട്. വരാഹം സഖാവ്  മൂസാഹാജിയെപ്പോലുള്ളവർക്ക് ഹറാമാണെന്നേ ഉള്ളൂ. പിന്നെ ഭഗവാൻ്റെ വാഹനത്തെ കഴിച്ചാലെന്താ?'

ന്യായാന്യായങ്ങളുടെ ഒരു നൂറ് ചോദ്യങ്ങൾ സുബ്രഹ്മണ്യൻ്റെ മനസ്സിലൂടെ പാഞ്ഞുകൊണ്ടിരുന്നു. ഭാര്യ തോണ്ടി വിളിച്ചപ്പോഴാണ് നടയിലെത്തിയത് അറിഞ്ഞതുതന്നെ. "കൃഷ്ണാ ഗുരുവായൂരപ്പാ..." സുബ്രഹ്മണ്യൻ ഭക്തിപുരസ്സരം ഉറക്കെ വിളിച്ചു. എന്നിട്ട് മനസ്സിൽ ഇങ്ങിനെ പ്രാർത്ഥിച്ചു. 'ഭഗവാനേ, അങ്ങയുടെയും, അങ്ങയുടെ വാഹനത്തിന്റേയും  പേര്  പറഞ്ഞ് വർഗ്ഗീയത വിളമ്പുന്ന ബ്ലഡിഫൂൾസായ സംഘികളെ അങ്ങ് തന്നെ നിലക്ക് നിർത്തണേ'
തിരക്കിനിടയിൽ അയാളുടെ  വയറമർന്നപ്പോൾ പശു കരയുന്നപോലെ ഒരു ഏമ്പക്കം പുറത്തുചാടി.  ഇന്നലെ വിഴുങ്ങിയ പശു ഭഗവാനോട് വല്ലതും ഉണർത്തിച്ചതാണോ എന്തോ അയാൾ ഓർത്തു.