Sunday, July 23, 2017

എന്റെ തിരക്കഥാനുഭവങ്ങൾ പാർട്ട് 3

       


എഴുതിയതെല്ലാം വെട്ടിത്തിരുത്തുന്നതിൽ ഒരു ഉപേക്ഷയും  വരുത്തേണ്ടതില്ല. 80 തവണയോളം വെട്ടിത്തിരുത്തിയ സ്ക്രിപ്ട് ഉപയോഗിച്ചാണ് 3 ഇഡിയറ്സ് എന്ന സൂപ്പർ ഹിറ്റ് സിനിമ രാജ്‌കുമാർ ഹിറാനി പൂർത്തിയാക്കിയത്. ഒരു വർഷമൊക്കെയെടുത്തതാണ് റാഫി-മെക്കാർട്ടിൻ തങ്ങളുടെ പല  സിനിമകളുടെയും തിരക്കഥ പൂർത്തിയാക്കിയിട്ടുള്ളതെന്ന് പറഞ്ഞിട്ടുണ്ട്. തിരക്കിട്ടെഴുതിത്തീർത്ത് ഷൂട്ട് ചെയ്ത്  വൻ പരാജയം ഏറ്റുവാങ്ങിയ സിനിമയാണ് അവരുടെ ' സത്യം ശിവം സുന്ദരം' തിരക്കഥയിൽ കൂടുതൽ സമയം ചിലവഴിച്ചാൽ അതിൻ്റെ മേന്മ ആ സിനിമക്ക് തന്നെയാണ്.

രണ്ടുമൂന്നാവർത്തി വെട്ടിത്തിരുത്തലുകൾ വരുത്തിയ ഡ്രാഫ്ട്  വെച്ച് ഡയലോഗുകൾ എഴുതിത്തുടങ്ങാം. പരത്തിയെഴുതുന്നതിലും മേന്മ കാര്യമാത്ര പ്രസക്തമായി വസ്തുതകൾ അവതരിപ്പിക്കുന്നതിലാണ്. കഥാപാത്രത്തെക്കുറിച്ചുള്ള നോട്ടുകൾ കുറിച്ച് വെക്കുന്നതിന്റെ പ്രയോജനം കൂടുതലും ഡയലോഗുകൾ എഴുതുന്ന സമയത്ത് ലഭിക്കും. അവരുടെ ജീവിത സാഹചര്യങ്ങളും, കഥ നടക്കുന്ന പശ്ചാത്തലവുമൊക്കെയനുസരിച്ച്  കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷാ ശൈലി ക്രമീകരിക്കുക. മാർക്കറ്റിൽ പച്ചക്കറി വിൽക്കുന്ന ഒരാളും, ബാങ്കിൽ ജോലി ചെയ്യുന്ന ഒരാളും സംസാരിക്കുന്നത് ഒരേ വിധമാവാൻ തരമില്ലല്ലോ. എന്നാൽ പച്ചക്കറി വിൽപ്പനക്കാരൻ വിദ്യാസമ്പന്നനായ ഒരാളെങ്കിൽ തീർച്ചയായും അതിൻ്റെ വ്യത്യാസം അയാളുടെ സംസാരത്തിലും പ്രതിഫലിക്കാതിരിക്കില്ല. അതി സങ്കീർണ്ണമായ സാഹിത്യമൊന്നും ഡയലോഗുകളിൽ ചേർക്കേണ്ടതില്ല.

"ആകാശത്തിനു ചുവട്ടിൽ ഏതു മണ്ണും നാടും ജഗന്നാഥന് സമമാണ്. മുന്നിൽ നിന്നും പിന്നിൽ നിന്നും ഒരു തുണയുടെ ബലം എനിക്കാവശ്യം വരില്ല. തകർക്കാനെന്തും എളുപ്പമാണ് കെട്ടിയുയർത്താനാണ് പാട്. ഒന്നും തകർക്കാനെന്നെ വല്ലാതെ പ്രേരിപ്പിക്കരുത്. അതാർക്കും നന്നാവില്ല. ഒരറ്റത്ത്ന്ന് പൊളിക്കാൻ തുടങ്ങിയാൽ ഞാൻ നിർത്തില്ല. പൊളിച്ചടുക്കും പലതും. എന്റെയുള്ളിൽ ഞാൻ തന്നെ ചങ്ങലക്കിട്ടു കിടത്തിയ മറ്റൊരു ജഗന്നാഥനുണ്ട്. മുറിവേറ്റ മൃഗം. അതിനെ പുറത്ത് കൊണ്ടുവരാൻ ശ്രമിക്കരുത്. ശ്രമിക്കുന്നത് അവരവരുടെ കുഴികുത്തലായി തീരും. ആജ്ഞകളുടെ വാറോലകളുമായി ഇനിയാരും പുഴകടന്ന്  കണിമംഗലത്തേക്ക് വരണമെന്നില്ല. മനസ്സിലായെങ്കിൽ പോകാം"

നിത്യ ജീവിതത്തിൽ നമ്മൾ ആരും ഇത്തരത്തിലൊരു നെടുങ്കൻ ഡയലോഗ് ശത്രുവിനോട് പറയാൻ സാധ്യതയില്ല. പറഞ്ഞു തീരും മുൻപ് കേൾക്കുന്നയാൾ സ്ഥലം വിട്ടിട്ടുണ്ടാകും. അല്ലെങ്കിൽ നമുക്കിട്ട് ഒന്ന് പൊട്ടിച്ചിട്ടുണ്ടാവും. റിയലിസ്റ്റിക്കായ ഒരു കഥപറച്ചിലാണ് നമ്മൾ ഉദ്ദേശിക്കുന്നതെങ്കിൽ ഇക്കാര്യം മനസ്സിൽ വെക്കുന്നത് നല്ലതാണ്. മറിച്ച് ഹീറോയിസത്തിനൊക്കെ സ്‌പേസുള്ള കഥപറച്ചിലാണെങ്കിൽ ഈ വിധം ഡയലോഗുകൾ എഴുതുന്നതിൽ തെറ്റേതുമില്ല.
അടിയൊഴുക്കുകൾ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം നായികാ കഥാപാത്രത്തെ മുഖത്തുനോക്കി പച്ചത്തെറി വിളിക്കുന്നുണ്ട്. മമ്മൂട്ടിയെക്കൊണ്ട് നായികയെ തെറി വിളിപ്പിച്ചത് ശരിയായില്ല എന്ന് പറഞ്ഞു തിരക്കഥാകൃത്തായ  എംടിക്ക് സിനിമ റിലീസായത്തിനു ശേഷം കത്തുകൾ ലഭിച്ചിരുന്നു. അനാഥനും, നിരക്ഷരനുമായ ഒരു ചേരി നിവാസി തന്നെ പറ്റിച്ച കാമുകിയെ സഭ്യമായ വിധത്തിൽ സംബോധന ചെയ്യാൻ സാധ്യതയില്ലെന്നാണ് അദ്ദേഹം  മറുപടിയെഴുതിയത്.

ഡയലോഗുകൾ കൂടി എഴുതി തീർത്താൽ നമ്മുടെ സ്ക്രിപ്ട് ഏകദേശം പൂർത്തിയായി. പിന്നീട് അവശേഷിക്കുന്നത് തിരുത്തലുകൾ മാത്രമാണ്. ചിലപ്പോൾ രണ്ടുവരി ഡയലോഗുകളിലൂടെ ചില സീനുകൾ തന്നെ നമുക്ക് ഒഴിവാക്കാനാവും. 'ചിത്രം' തന്നെ ഒരിക്കൽക്കൂടി ഉദാഹരണമാക്കാം. കയ്യബദ്ധത്താൽ ഭാര്യ കൊല്ലപ്പെടുന്നതോടെ അവളുടെ മരണത്തിന്റെ ഉത്തരവാദിത്തം വിഷ്ണു സ്വയം ഏറ്റെടുക്കുകയാണ്. കേസ് കോടതിയിൽ നേരിടുന്നതോ ശിക്ഷ ലഭിച്ച് ജയിലിൽ പോകുന്നതോ ഒടുവിൽ ജയിൽ ചാടുന്നതോ വിഷ്വൽസിലൂടെ നമ്മെ കാണിക്കുന്നില്ല. പകരം അതെല്ലാം സോമൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗുകളിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. 'ഒരു ജയിൽപ്പുള്ളിയെന്നതിൽ കവിഞ്ഞ് സ്വാതന്ത്ര്യം ഞാൻ നിനക്കുതന്നു' എന്ന ഒരൊറ്റ വാചകത്തിലൂടെ വിഷ്ണു എങ്ങിനെ ജയിൽ ചാടി എന്നതിന്റെ വ്യക്തമായ സൂചന നമുക്ക് കിട്ടുന്നുണ്ട്. ഇനി വിഷ്ണുവിന് എന്തുകൊണ്ട് അദ്ദേഹം പ്രത്യേക പരിഗണന കൊടുത്തുവെന്നതിന് സാധൂകരണം കൂടിയാണ് 'ഈറൻ മേഘം' എന്ന് തുടങ്ങുന്ന ഗാനത്തിന് തൊട്ടുമുൻപുള്ള സീൻ.
ഇത്തരത്തിലുള്ള ചെറിയ ചെറിയ ഡീറ്റയിലിങ്ങുകൾ കഥയുടെ ആസ്വാദ്യതയെ സഹായിക്കുമെന്നതിൽ തർക്കമില്ല.

പൂർത്തിയായിക്കഴിഞ്ഞാൽ വിഷ്വൽസും ഡയലോഗ്സും സ്പ്ലിറ്റ് ചെയ്ത് എഴുതാം. അതായത് ഒരു പേപ്പർ എടുത്ത് അത് രണ്ടായി പകുത്ത് അതിന്റെ ഇടതുവശത്ത് സീനിന്റെ വിഷ്വലുകളും വലതുഭാഗത്ത് ഡയോഗും, ബിജിഎം അടക്കമുള്ള ശബ്ദസൂചികകളും എഴുതുന്നരീതി. ശരിക്കുമുള്ള ഒരു സ്ക്രിപ്റ്റിന്റെ ഫോർമാറ്റിതാണ്.

തിരക്കഥയെഴുതുവാനുള്ള ഒരുപാട് മാർഗ്ഗങ്ങളിൽ ഒന്നു മാത്രമാണ് ഞാൻ ഇതുവരെ വിശദീകരിച്ചത്. ഒരിക്കലും മറക്കാനാവാത്ത ഒരുപിടി കഥയും കഥാപാത്രങ്ങളേയും മലയാളികൾക്ക് സമ്മാനിച്ച മണ്മറഞ്ഞ കഥാകാരൻ ലോഹിതദാസ് തിരക്കഥക്കൊപ്പം തന്നെ സംഭാഷണവും എഴുതുമായിരുന്നു. അതായത് തിരക്കഥക്കൊപ്പം തന്നെ സ്ക്രിപ്റ്റും പൂർത്തിയാവും. തമിഴ് സംവിധായകനായ ഷങ്കർ തന്റെ ആദ്യകാല സിനിമകൾക്ക് വേണ്ടി  കഥയും തിരക്കഥയും പൂർത്തിയാക്കി ഡയലോഗുകൾ വിഖ്യാത സാഹിത്യകാരൻ സുജാതയെക്കൊണ്ടാണ് എഴുതിച്ചിരുന്നത്.

വ്യക്തമായ ക്ലൈമാക്സ് കയ്യിലുണ്ടെങ്കിൽ തിരക്കഥയെഴുത്തിൽ റിവേഴ്സ് ഓർഡർ പരീക്ഷിച്ചു നോക്കാവുന്നതാണ്. ആദ്യം ക്ലൈമാസ്. പിന്നീട് ക്ലൈമാക്സിലേക്കെത്തുന്നതിന് മുൻപുള്ള സീൻ. പിന്നെ അതിനു മുൻപത്തെ... അങ്ങിനെ ആദ്യ സീൻ വരെ. വിശദമായി എഴുതണ്ട, ആദ്യം സിറ്റുവേഷൻസ് മാത്രം. പിന്നീട്  എഴുതിയത് തൃപ്തികരമാണെങ്കിൽ കൃത്യമായ ഓർഡറിൽ ഡേ/നൈറ്റ് , പശ്ചാത്തല വിവരണം, ക്യാരക്ടർ ഡീറ്റയിലിങ്, ഡയലോഗ്സ്, എന്നിവ ആഡ് ചെയ്യാം. പിന്നീട് വിഷ്വൽസും, ശബ്ദവും ഡിവൈഡ് ചെയ്ത് എഴുതാം. എഴുതി പൂർത്തിയായാൽ പലയാവർത്തി വായിച്ച് വേണ്ട തിരുത്തലുകൾ നടത്തുക. ഇത്തരത്തിൽ മൂന്നോ നാലോ ഡ്രാഫ്റ്റ് തയ്യാറാക്കുക. റിവേഴ്സ് ഓർഡറിന്റെ ഏറ്റവും വലിയ ഗുണം എന്തെന്നാൽ അനാവശ്യ രംഗങ്ങൾ ഉണ്ടാവില്ല എന്നതുതന്നെയാണ്.

കഥ കണ്ടെത്തുന്നതു മുതൽ പൂർത്തിയാക്കുന്നതുവരെയുള്ള ഒരുവിധം കാര്യങ്ങളൊക്കെ ഇതിനോടകം പറഞ്ഞിട്ടുണ്ടെന്നുകരുതുന്നു. തിരക്കഥയെഴുതാൻ ഉദ്ദേശിക്കുന്നവർക്കുള്ള ചില നുറുങ്ങ് അറിവുകളും കൂടി കുറിക്കുന്നു.

1,ധാരാളം വായിക്കുക.
2, എഴുത്തുകാരൻ നല്ലൊരു കേൾവിക്കാരൻ കൂടിയാവുക. നമ്മുടെ ചുറ്റിലുമുള്ളവരുടെ അനുഭവങ്ങളും ജീവിതവുമൊക്കെ അറിയാൻ ശ്രമിക്കുക. നമുക്ക് വിഷയമാക്കാവുന്ന കഥയോ കഥാപാത്രവുമൊക്കെ നമുക്കീവിധം വീണുകിട്ടാം.
3, നേരിട്ട് തിരക്കഥ എഴുതിത്തുടങ്ങുന്നതിന് മുൻപ് ചെറിയ കഥകളൊക്കെ എഴുതാൻ ശ്രമിക്കുക.
4, അഞ്ചോ പത്തോ മിനുട്ട് ദൈർഘ്യമുള്ള ഷോർട്ട് ഫിലിംസ് എഴുതാൻ ശ്രമിക്കുക. വല്യ വിഷയമൊക്കെ കൈകാര്യം ചെയ്യണമെന്നൊന്നുമില്ല. ചെറിയ ഇത്തരം സംരംഭങ്ങൾ ചിത്രീകരിച്ച് കാണുമ്പോൾ കിട്ടുന്ന ആത്മവിശ്വാസം കുറച്ചൊന്നുമാവില്ല.
5 ഷോർട്ട് ഫിലിം ചെയ്യുമ്പോൾ കൂട്ടുകാരെ നിർബന്ധിച്ച് കൂടെ കൂട്ടാതിരിക്കുന്നതാവും നല്ലത്. കാരണം ആദ്യത്തെ ആവേശം തീർന്നാൽ പിന്നെ അവരുടെ പൊടിപോലും കാണില്ല. പിന്നെ അത് പൂർത്തിയാക്കാൻ നമ്മൾ പെടാപ്പാട് പെടേണ്ടിവരും. അതുകൊണ്ട് താല്പര്യമുള്ള ആളുകളെ കണ്ടെത്തി ഒറ്റ സ്ട്രെച്ചിൽ ഷൂട്ടിങ്ങ് തീർക്കുന്നതാണ് ബുദ്ധി. താല്പര്യവും,ആവേശവുമുള്ളവരുമായി ഉണ്ടാക്കുന്ന ബന്ധങ്ങൾ നിലനിൽക്കുകയും ചെയ്യും.
6, പ്രശസ്തരും തിരക്കുള്ളവരുമായ
 സംവിധായകനോ, ആർട്ടിസ്റ്റോ, നിർമ്മാതാവോ ഒരു പുതുമുഖ എഴുത്തുകാരന്റെ കഥ കേൾക്കാൻ മണിക്കൂറുകൾ ചിലവഴിക്കുമെന്ന് കരുതരുത്. അഞ്ചോ പത്തോ മിനുട്ട്കൊണ്ട് നമ്മുടെ കഥയുടെ സംക്ഷിപ്ത രൂപം കേൾക്കാനാവും അവർ താല്പര്യപ്പെടുക. അങ്ങിനെയുള്ള ഘട്ടത്തിലാണ് ഞാൻ ആദ്യ ഭാഗത്ത് പറഞ്ഞ 'വൗ ഫാക്ടർ/ ഹുക്ക് പോയിന്റിന്റെ' പ്രസക്തി. വൗ ഫാക്ടർ ഈ അഞ്ചോ പത്തോ മിനുട്ടിനുള്ളിൽ പറഞ്ഞു ഫലിപ്പിക്കാൻ സാധിച്ചാൽ പിന്നീട് ഇതിന്റെ ഡീറ്റയിൽഡ് സ്ക്രിപ്റ്റ് കേൾക്കാൻ അവർ തയ്യാറായേക്കും. 'പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജിൽ പഠിക്കുവാനെത്തുന്ന തല്ലുകൊള്ളിയായ ആൺകുട്ടി' ചോക്ലേറ്റ് എന്ന സിനിമക്ക് ആധാരമായ വൗ ഫാക്ടർ ഇതായിരുന്നുവെന്ന് സച്ചി-സേതു പിന്നീട് പറഞ്ഞിട്ടുണ്ട്.
7,നമ്മുടെ കയ്യിലുള്ളതിൽ ഏറ്റവും കോൺഫിഡന്റുള്ള കഥ മാത്രം സ്ക്രിപ്റ്റ് ചെയ്യുക. ബാക്കിയുള്ളതെല്ലാം സീൻ ഓർഡറിൽ ഒതുക്കി നിർത്തുന്നതാണ് നല്ലത്.എഴുതി പൂർത്തിയാക്കിയ സ്ക്രിപ്റ്റ് സംവിധായകന്റെ നിർദ്ദേശപ്രകാരം മാറ്റിയെഴുതുന്നതിലുമെളുപ്പം അതിന്റെ സീൻ ഓർഡർ തയ്യാറാക്കി വെച്ച് സംവിധായകനുമായി കൂടിയാലോചിച്ച് തിരക്കഥ രൂപപ്പെടുത്തുന്നതായിരിക്കും.
8, ഒരിക്കലും നാം എഴുതിയത് തിരുത്താനോ മാറ്റാനോ ഒരു സംവിധായകൻ നിർദ്ദേശിച്ചാൽ അതിൽ ഉപേക്ഷ വിചാരിക്കരുത്. കാരണം‌ സിനിമ എന്നത് സംവിധായകന്റെ കലയാണ്. എഴുത്തുകാരന്റെ കാഴ്ചപ്പാടിനുമാത്രമല്ല അവിടെ പ്രസക്തി. താൻ എഴുതിയതിൽ നിന്നും ഒരു വരിപോലും തിരുത്താതെ സിനിമയായി കാണാനുള്ള ഭാഗ്യം ലഭിച്ച തിരക്കഥാകൃത്ത് ഒരുപക്ഷേ എം ടി വാസുദേവൻ നായർ മാത്രമാവും എന്ന് മനസ്സിലാക്കുക.

ഇനി ലേഖകനെക്കുറിച്ച്,
എട്ടോളം ലഘു നാടകങ്ങളും, പുറത്തിറങ്ങിയതും ഇറങ്ങാത്തതും  അണിയറയിൽ ഒരുങ്ങുന്നതുമായ പത്തോളം ഷോർട്ട് ഫിലിമുകൾക്ക് കഥയും തിരക്കഥയുമൊരുക്കിയതിന്റെ പരിചയമാണ് കൈമുതൽ.

പ്രമുഖ സംവിധായകന്റെ അസിസ്റ്റന്റായ സുഹൃത്തിനു വേണ്ടി ഏഴുവർഷം മുൻപ് ഒരു സ്ക്രിപ്റ്റ് പൂർത്തിയാക്കിയെങ്കിലും ചില‌സാങ്കേതിക കാരണങ്ങളാൽ‌ ആ പ്രൊജക്ട് നടന്നില്ല. മറ്റൊരു സുഹൃത്തുമായി ചേർന്നെഴുതിയ  സബ്ജടുമായി ഒരു വർഷം മുൻപ് ചിലരെ സമീപിച്ചെങ്കിലും ത്രില്ലർ സബ്ജക്ടിനേക്കാൾ ലൈറ്റ് വെയ്റ്റ് സബ്ജക്ടിനാണ് ഇപ്പോൾ മാർക്കറ്റ് എന്ന നിർദ്ദേശത്താൽ അത്തരമൊരു സബ്ജക്ട് തയ്യാറാക്കി താല്പര്യമറിയിച്ച ഒരു പ്രൊഡക്ഷൻ ടീമുമായി ചർച്ചകൾപുരോഗമിക്കുന്നു.
ഇത്രയും കാലത്തിനിടക്ക് കമലിനേയും, സിബിമലയിലിനേയും പോലുള്ള പ്രഗല്ഭരായവരോടും പുതു തലമുറയിലെ ലിജോ ജോസ് പെല്ലിശ്ശേരി, ലിയോ തദേവൂസ്, തോമസ് സെബാസ്റ്റ്യൻ, അനൂപ് കണ്ണൻ തുടങ്ങി ഒട്ടനവധി സംവിധായകരോടും സാങ്കേതിക പ്രവർത്തകരോടും നിർമ്മാതാക്കളോടും സ്വന്തം കഥ ചർച്ച ചെയ്യുവാനും മാർഗ്ഗ നിർദ്ദേശങ്ങൾ സ്വീകരിക്കാനും ഭാഗ്യമുണ്ടായിട്ടുണ്ട്.

ഇത്തരമൊരു ലേഖനം എഴുതാൻ പ്രേരണ നൽകിയ മൂവി സ്ട്രീറ്റിന്റെ സ്വന്തം ജിജോ തങ്കച്ചനും അതുപോലെ കഴിഞ്ഞ രണ്ടു ഭാഗങ്ങളും വായിച്ച് അഭിപ്രായവും അഭിനന്ദനവും അറിയിച്ച എല്ലാവർക്കും ഞാൻ എന്റെ തീരാത്ത നന്ദി അറിയിക്കുന്നു. മുന്നോട്ടുള്ള യാത്രയിൽ ഈ സിനിമാ തെരുവ് നിവാസികളായ എല്ലാവരുടേയും പ്രാർത്ഥനയും സപ്പോർട്ടും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
അപ്പോൾ ഇനി നിങ്ങളും എഴുതി തുടങ്ങുകയല്ലേ
സീൻ നമ്പർ 1.........

(മുൻ ഭാഗങ്ങൾക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക)
https://natyasapna.blogspot.com/2017/07/blog-post.html
https://natyasapna.blogspot.com/2017/07/2.html











Friday, July 14, 2017

എന്‍റെ തിരക്കഥാനുഭവങ്ങൾ പാര്‍ട്ട് 2



ഒരു കഥക്ക് പ്രധാനമായും മൂന്നു ഘട്ടങ്ങളുണ്ട്. മുഖ്യ കഥാപാത്രത്തെ/ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഘട്ടം, അവരുടെ ജീവിതത്തിൽ വന്നുചേരുന്ന പ്രതിസന്ധി, പ്രതിസന്ധി തരണം ചെയ്യൽ.
എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ്  കുളിച്ച് കുറിതൊട്ട് ഓഫീസിൽ പോകുന്ന നായകൻ. അഴലില്ല , അല്ലലില്ല സർവ്വത്ര സന്തോഷം വിളയാടുന്നു. ഇങ്ങിനെ ഒരാളെ രണ്ടരമണിക്കൂർ കാണിച്ചാൽ സിനിമ തീരും മുമ്പ് പ്രേക്ഷകർ അവരവരുടെ വീട്ടിലെത്തി ഒരു ചായയും കുടിച്ചിട്ടുണ്ടാകും . അപ്പോൾ മുഖ്യ കഥാപാത്രത്തിന് എന്തെങ്കിലും പ്രതിസന്ധി വരണം. അത് അന്നുവരെയുള്ള അയാളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായിരിക്കണം. അയാൾ ആ പ്രതിസന്ധി മറികടക്കാൻ സർവ്വശക്തിയുമെടുത്ത് അല്ലെങ്കിൽ സൂത്രങ്ങൾ ഉപയോഗിച്ച്  പോരാടണം. ഒടുവിൽ അയാൾ പ്രതിസന്ധി മറികടക്കണം. നാം കാണുന്ന ഒട്ടുമിക്ക കഥകളുടേയും പാറ്റേൺ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഈ വിധമാവും.

"നമ്മള്‍ ഒരു കഥ പറയുമ്പോള്‍ അതില്‍ ആരൊക്കെ വരും, എന്തൊക്കെ സംഭവിക്കും, എന്ന്‍ നമുക്കറിയാം. പക്ഷേ കേള്‍ക്കുന്ന ആള്‍ക്ക് അതറിയില്ല. ഏതൊക്കെ മുഹൂര്‍ത്തത്തില്‍ എന്തൊക്കെ പ്രേക്ഷകരെ അറിയിക്കുന്നു എന്നതിനെയാണ് തിരക്കഥ എന്നു പറയുന്നത്"
ഫാസില്‍ മുമ്പ് ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞതാണ്. ഇതിലും ലളിതമായി തിരക്കഥയെ വ്യാഖ്യാനിക്കാനാവുമെന്ന് തോന്നുന്നില്ല.

ഒരു കൈപ്പിഴകൊണ്ട് ഭാര്യയെ കൊലപ്പെടുത്തിയതിന്റെ പേരിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വിഷ്ണു എന്ന ഫോട്ടോഗ്രാഫർ ജയിൽ ചാടി തന്റെ മകന്റെ ചികിത്സക്കുള്ള പണം കണ്ടെത്താൻ അല്ലറ ചില്ലറ മോഷണങ്ങളൊക്കെ നടത്തി വരുമ്പോൾ യാദൃശ്ചികമായി കൈമൾ എന്ന വക്കീലിനെ കണ്ടുമുട്ടുന്നു. അയാൾ ഒരു തുക ഓഫർ ചെയ്ത് തന്റെ സുഹൃത്തിന്റെ മകളായ കല്യാണിയുടെ ഭർത്താവായി അഭിനയിക്കാൻ നിയോഗിക്കുന്നു. ആദ്യം ശത്രുക്കളായിരുന്ന കല്യാണിയും വിഷ്ണുവും പിന്നീട് പ്രണയത്തിലാകുന്നു.... ഈ വിധം പറഞ്ഞുപോയിരുന്നെങ്കിൽ ചിത്രം എന്ന സർവ്വകാല വിജയമായ സിനിമയുടെ ഗതിയെന്താവുമായിരുന്നു?

എന്നാൽ തിരക്കഥാകൃത്ത് ചെയ്തിരിക്കുന്നതെന്താണ്?
ആദ്യം കല്യാണിയുടെ ജീവിതത്തിൽ സംഭവിച്ച പ്രതിസന്ധി ആദ്യം കാണിക്കുന്നു. അത് തരണം ചെയ്യാൻ ഒരു വഴി ആലോചിച്ച് നടക്കുന്ന കൈമളിന്റെ മുന്നിൽ വിഷ്ണു എന്ന മൈനർ തരികിടയെ അവതരിപ്പിക്കുന്നു. പതിനായിരം രൂപ കിട്ടാൻ എന്തും ചെയ്യാൻ തയ്യാറായി നടക്കുന്ന വിഷ്ണുവിനെ, കൈമൾ  ഒരു തുക ഓഫർ ചെയ്ത് പ്രലോഭിപ്പിച്ച്  കൂട്ടുന്നു. ഭർത്താവായി അഭിനയിക്കാൻ വരുന്ന വിഷ്ണുവും കല്യാണിയും തമ്മിലുള്ള ഉടക്കും, ഭർത്താവ് നാടകത്തിന്റെ സത്യാവസ്ഥയും കല്യാണിയുടെ അച്ഛൻ , രാമചന്ദ്രമേനോൻ അറിയാതിരിക്കാൻ  കൈമൾ പെടാപ്പാട് പെടുന്നുണ്ട്. പോരാത്തതിന് നാടകം പൊളിക്കാൻ കച്ചകെട്ടി നടക്കുന്ന കല്യാണിയുടെ ബന്ധുവായ ഭാസ്കരനും...
ഒടുവിൽ നാടകം പൊളിഞ്ഞു വിഷ്ണുവിനെ തന്റെ മരുമകനായി  അംഗീകരിക്കാൻ രാമചന്ദ്രൻ  തയ്യാറാവുന്നതോടെ പ്രതിസന്ധികളുടെ ഒരു കാണ്ഡം തീരുന്നു.
എന്നാൽ യഥാർത്ഥ പ്രതിസന്ധി അവിടെയാണ് തുടങ്ങുന്നത്. ഭൂതകാലത്തിൽ നിന്നും വിഷ്ണുവിനെ തിരക്കി ഒരാൾ വരുന്നു. അയാളുടെ വരവോടെയാണ് വിഷ്ണുവിന്റെ ഭൂതകാലം നമുക്ക് മുന്നിൽ അനാവൃതമാവുന്നത്. വന്നയാൾ ഒരു പോലീസ് ഓഫീസറാണ് എന്നും, വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കിടക്കുന്നതിനിടെ വിഷ്ണു, മകന്റെ സർജറിക്ക് പണം കണ്ടെത്താൻ ജയിൽ ചാടിയതാണെന്നും നാം അറിയുന്നു. തിരിച്ചുപോകും മുൻപ് രാമചന്ദ്രൻ ഇതൊന്നുമറിയാതിരിക്കാനും, വിഷ്ണുവിനെ രക്ഷിക്കാനും കൈമൾ അടക്കമുള്ളവർ ശ്രമിക്കുന്നതിനിടയിൽ ഭാസ്‌ക്കരൻ രഹസ്യം  മണത്തറിഞ്ഞു പുതിയ പാരവെപ്പിന് ശ്രമിക്കുന്നു. അതെല്ലാം മറികടന്ന് രാമചന്ദ്രനെ യാത്രയയച്ച്, മകനെ സുരക്ഷിതമായ കരങ്ങളിലേൽപ്പിച്ച് കഴുമരത്തിലേക്ക് വിഷ്ണുവും യാത്രയാകുന്നു.
'വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു കുറ്റവാളിയാണ് നീ' എന്ന സോമന്റെ കഥാപാത്രം പറഞ്ഞ ഡയലോഗിന്റെ ഞെട്ടൽ രണ്ടര പതിറ്റാണ്ടിനിപ്പുറവും പ്രേക്ഷകരുടെ മനസ്സിലുണ്ടെങ്കിൽ അതാ തിരക്കഥയുടെ വിജയമാണ്. ഫാസിലിന്റെ സ്റ്റേറ്റ്മെന്റ് പ്രസക്തമാവുന്നത് ഇപ്രകാരമാണ്. സത്യത്തിൽ പ്രേക്ഷകരുടെ പൾസ് കയ്യിലെടുക്കുന്ന സൂത്രവിദ്യയാണ് തിരക്കഥ.

രണ്ടു പേജിലേക്ക് നമ്മൾ പകർത്തിയെഴുതിയ കഥയിൽ ഇത്തരത്തിൽ, ഒരു പ്രത്യേക ഘട്ടത്തിൽ മാത്രം പ്രേക്ഷകന് വെളിപ്പെടുത്തേണ്ട ചില സംഗതികൾ കണ്ടെത്താനായാൽ അതനുസരിച്ച് നമുക്ക് ട്രീറ്റ്മെന്റ് നിശ്ചയിക്കാനാവും. അതായത് ആദി മദ്ധ്യാന്തമുള്ള ഒരു കഥയുടെ ഏതു ഭാഗത്തു നിന്ന് കഥപറഞ്ഞുതുടങ്ങണമെന്നൊക്കെ നമുക്ക് തീരുമാനിക്കാം. കഥയുടെ ഒരു നിർണ്ണായക ഘട്ടം ആദ്യമേ കാണിച്ച് കഥ പറഞ്ഞുതുടങ്ങുന്ന ഒരു ശൈലി നിലവിലുണ്ട്. ഉദാഹരണത്തിന് തമിഴിലെ കാക്ക കാക്ക എന്ന സിനിമ ആരംഭിക്കുന്നത് അതിന്റെ ക്ലൈമാസിൽ നിന്നാണ്. മലയാളത്തിൽ 1983, മലർവാടി ആർട്ട്സ് ക്ലബ്ബ്, അങ്കമാലി ഡയറീസ് തുടങ്ങി അനവധി സിനിമകളിൽ ഈ വിധമുള്ള കഥ പറയൽ കാണാനാവും..  (തുടക്കക്കാർക്കുള്ള കുറിപ്പ് എന്ന നിലക്ക് ലീനിയർ - നോൺ ലീനിയർ ശൈലികളെക്കുറിച്ചൊന്നും വിശദീകരിക്കുന്നില്ല )

സീനുകളായി വിഭജിക്കുന്നതിന് മുൻപ് നമ്മൾ പറയാനുദ്ദേശിക്കുന്ന കഥയിലെ മുഖ്യ കഥാപാത്രങ്ങളുടെയെല്ലാം ഒരു ചെറിയ കുറിപ്പ് തയ്യാറാക്കുന്നത് നന്നായിരിക്കും. അയാളുടെ സ്വഭാവം, പശ്ചാത്തലം, മുഖ്യകഥാപാത്രവുമായുള്ള ബന്ധം അങ്ങിനെ.
ഇങ്ങിനെ കഥയെക്കുറിച്ചും, കഥാപാത്രങ്ങളെക്കുറിച്ചും വ്യക്തമായ ഒരു കാഴ്ചപ്പാട് നമുക്കുണ്ടെങ്കിൽ സീനുകൾ തയ്യാറാക്കാൻ കുറച്ചുകൂടി എളുപ്പമായിരിക്കും.
 എവിടെ നിന്നാണ് കഥ ആരംഭിക്കുന്നത് എന്ന്  ഇതിനോടകം നമ്മൾ തീരുമാനിച്ചിട്ടുണ്ടാകുമല്ലോ, അപ്പോൾ അവിടം മുതൽ കഥ അവസാനിക്കുന്നിടം വരെയുള്ള സംഭവങ്ങൾ വൺ  ബൈ വൺ  ആയി എഴുതുക. സീൻ നമ്പറോ, ഡയലോഗോ  പോലും എഴുതേണ്ടതില്ല. സംഭവങ്ങളുടെ ഒന്നോ രണ്ടോ വരിയിലുള്ള വിവരണം മാത്രം.  ഇത് നമുക്ക് കഥ ട്രാക്ക് ചെയ്യാൻ വേണ്ടിയാണ്. ഏതു ഭാഗമാണ് വിശദീകരിക്കേണ്ടത്, ക്രോപ്പ് ചെയ്യേണ്ടത് എന്നൊക്കെ ഈ ഘട്ടത്തിൽ തീരുമാനിക്കാം. സ്‌ക്രീൻ പ്ളേ വൺലൈൻ എന്നുവേണമെങ്കിൽ നമുക്കിതിനെ വിളിക്കാം.

ഇനി  സീൻ 1 മുതൽ  എഴുതി തുടങ്ങാം.
 ലൊക്കേഷൻ,രാത്രിയെന്നോ പകലെന്നോ ഉള്ളത്, ഇന്റീരിയറോ എക്സ്റ്റീരിയറോ  അങ്ങിനെ  ബേസിക്കായ സംഗതികൾ ആദ്യം നോട്ട് ചെയ്യുക. വിഷ്വലിന്റെ  പൊസിഷൻ/ആങ്കിൾ  കൂടി ഭാവനയിൽ കാണാൻ കഴിയുന്നുണ്ടെങ്കിൽ വളരെ നല്ലത്. എന്നിട്ട് ആ സീനിൽ നടക്കുന്ന സംഭവങ്ങൾ എഴുതാം. അത് തീരുമ്പോൾ സ്വാഭാവികമായും അടുത്ത സീനിനെക്കുറിച്ച് നമുക്ക് അറിയാൻ പറ്റും. അങ്ങിനെ തുടർച്ചയായി എഴുതി പോകുക. ആദ്യമായി എഴുതുമ്പോൾ നമ്മുടെ കഥയുടെ ദൈഘ്യത്തെക്കുറിച്ച് ഒട്ടും വേവലാതിപ്പെടേണ്ട. ഡയലോഗുകൾ എഴുതണമെന്ന് യാതൊരു നിർബന്ധവുമില്ല. നടക്കുന്ന സംഭവങ്ങൾ മാത്രം ഡീറ്റയിൽ ചെയ്താൽ മതി.  സ്‌ക്രീൻ പ്ളേ വൺലൈൻ കയ്യിലുണ്ടെങ്കിലുള്ള ഗുണമെന്താണെന്ന് വെച്ചാൽ, നമ്മുടെ മൂഡും, താല്പര്യവുമനുസരിച്ച് ഏതു സീൻ വേണമെങ്കിലും നമുക്ക് എഴുതാം.   ഇങ്ങിനെ കഥ മൊത്തം എഴുതി തീർത്താൽ നമുക്കതിനെ ഫസ്റ്റ് ഡ്രാഫ്റ്റ് എന്നുവിളിക്കാം.

ഫസ്റ്റ് ഡ്രാഫ്റ്റ് പൂർത്തിയായാൽ അത് ഒരാവർത്തി വായിച്ചുനോക്കുക. അനാവശ്യ രംഗങ്ങളും മണ്ടത്തരങ്ങളും നമുക്കതിൽ നിന്നും യഥേഷ്ടം കണ്ടെത്താനാവും.  നമ്മുടെ പാണ്ഠിത്യം മുഴുവനും വിളമ്പാനുള്ള ഒരു വേദിയല്ല നാം എഴുതുന്ന തിരക്കഥ എന്ന തിരിച്ചറിവ് അത്യന്താപേക്ഷിതമാണ്. എന്നാൽ എഴുതുന്ന വിഷയത്തിന്റെ നനാവശങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ അറിവ് സമ്പാദിച്ചു വെക്കുന്നത് എഴുത്തിനെ തുണക്കും. പ്രേക്ഷകർക്ക് ഒരു ജെനുവിനിറ്റി അനുഭവപ്പെടുകയും ചെയ്യും.

തിരക്കഥയിലെ ആദ്യത്തെ പത്തുസീനുകൾ കൊണ്ട് മുഖ്യ കഥാപാത്രങ്ങളെയും, പശ്ചാത്തലവും അവതരിപ്പിച്ചുകഴിഞ്ഞാൽ പതിയെ പ്ലോട്ടിലേക്ക് പ്രവേശിക്കാം. മെയിൻ പ്ലോട്ടിലേക്ക് പ്രവേശിച്ചാൽ പിന്നെ കഥയിലെ സബ് പ്ലോട്ടുകളിൽ നമുക്ക് പൂർണ്ണ നിയന്ത്രണമുണ്ടാവണം. ചില സിനിമകൾ കണ്ടിട്ടില്ലേ, മുഖ്യ പ്ലോട്ട് പറഞ്ഞുതുടങ്ങി പിന്നെ സബ് പ്ലോട്ടിലേക്ക് കടന്ന് അത് വിശദീകരിച്ച് പിന്നെയും മുഖ്യപ്ലോട്ടിലേക്ക് തിരിച്ചുവരുന്ന അവസ്ഥ. നമ്മെ അത് നന്നേ മുഷിപ്പിക്കുകയും ചെയ്യും. 

സത്യൻ അന്തിക്കാടിന്റെ 'ഇന്നത്തെ ചിന്താവിഷയം' മേല്പറഞ്ഞതിനൊരു   ഉദാഹരണമാകുമെന്ന് തോന്നുന്നു. വിലക്ക് വാങ്ങിയ വീട് കൈവശപ്പെടുത്തുവാനുള്ള സൂത്രപ്പണി എന്നനിലക്കാണ് മോഹൻലാൽ അവതരിപ്പിക്കുന്ന നായക കഥാപാത്രം സുകന്യയും, മോഹിനിയും, മുത്തുമണിയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ കുടുംബപ്രശ്നങ്ങൾ തീർക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത്. എന്നാൽ പിന്നീടൊരു ഘട്ടത്തിൽ കഥ മീരാ ജാസ്മിന്റെ നായിക കഥാപാത്രത്തിന്റെ ഫ്‌ളാഷ്ബാക്കും, പാട്ടും, സംഭവങ്ങളുമായി കുറെ ദൂരം  ചുറ്റിത്തിറിഞ്ഞതിന് ശേഷമാണ് മെയിൻ പ്ലോട്ടിലേക്ക് മടങ്ങിയെത്തുന്നത്.  അത് അത്ര ഡീറ്റയിൽ ചെയ്തില്ലെങ്കിലും മുഖ്യ കഥയെ സാരമായി ബാധിക്കുകയൊന്നുമില്ല. (അഭിപ്രായം വ്യക്തിപരം). എന്നാൽ മെയിൻ പ്ലോട്ടിൽ നിന്നും ഏറെയൊന്നും വ്യതിചലിക്കാതെ, രസച്ചരട് മുറിയാതെ കഥപറയുന്നതിന്റെ ഗുണം സത്യൻ അന്തിക്കാടിന്റെ തന്നെ രസതന്ത്രത്തിൽ കാണാം.

ഒരു കഥപറയാൻ എഴുതാവുന്ന സീനുകളുടെ എണ്ണത്തിന് നിയന്ത്രണമൊന്നുമില്ല. ഒരു  സീൻ കഴിഞ്ഞാൽ അടുത്ത സീൻ എന്തായിരിക്കുമെന്ന് കാണുന്ന പ്രേക്ഷകന് കൃത്യമായി ഊഹിക്കാൻ സാധിച്ചാൽ അത് ഒരു ദുർബലമായ തിരക്കഥയാണെന്ന് പറയേണ്ടിവരും. ചില സമയം ക്ളൈമാക്സ് എന്താണെന്ന് നമുക്ക് അറിയാമെങ്കിൽ തന്നെയും നാം ചിലപ്പോൾ ആവേശത്തോടെ കണ്ടിരിക്കും. അത് പലപ്പോഴും കാണുന്ന സീനുകളുടെ ഫ്രഷ്നസ് കൊണ്ടാണ്. പ്രിയദർശന്റെ  'ഒപ്പം' സിനിമയിൽ വില്ലൻ കഥാപാത്രം/ സീരിയൽ കില്ലർ ആരാണ് എന്നത് ആദ്യം തന്നെ കാണിക്കുന്നു. എന്നാൽ അയാളിലേക്ക് അന്ധനായാ നായക കഥാപാത്രം എങ്ങിനെ എത്തുന്നുവെന്നതിലാണ് ത്രിൽ. (എല്ലാ അർത്ഥത്തിലും  പ്രിയദർശന്റെ ഒരു പെർഫെക്ട് സ്‌ക്രീൻ പ്ളേ എന്ന്  എനിക്ക് തോന്നിയിട്ടുള്ളത് 'തേന്മാവിൻ കൊമ്പത്ത്‌' ആണ്.)

തിരക്കഥ എന്നുപറയുന്നത് ചീട്ടുകൊണ്ടുണ്ടാക്കിയ ഒരു കൊട്ടാരം പോലിരിക്കണമെന്ന് പ്രിയദർശൻ പറഞ്ഞിട്ടുണ്ട്.  ഇടക്കുനിന്നും ഒരു സീനെടുത്ത്  മാറ്റിയാൽ പോലും അത് സിനിമയുടെ കെട്ടുറപ്പിനെയാകെ ബാധിക്കുന്ന രീതിയിലാവണം തിരക്കഥയുടെ നിർമ്മിതി.
 'കഥയിൽ ഒരിടത്ത് നാമൊരു തോക്കുകാണിച്ചാൽ, എപ്പോഴെങ്കിലും അതിൽനിന്നും ഒരു വെടിയെങ്കിലും പൊട്ടണം ' എന്ന   പ്രശസ്ത തമിഴ് സംവിധായകനും നടനുമൊക്കെയായ കെ . ഭാഗ്യരാജിന്റെ ഒരു വാചകം കൂടി ഇവിടെ ഉദ്ധരിക്കട്ടെ. (തുടരും)

Saturday, July 8, 2017

എന്‍റെ തിരക്കഥാനുഭവങ്ങൾ

















"എനിക്ക് തിരക്കഥ എഴുതാൻ പറ്റുമോ?"
മിക്കവാറും തിരക്കഥയെഴുതണമെന്ന് ആഗ്രഹിക്കുന്ന ആളുകളുടെ മനസ്സിൽ ആദ്യം ഉയരുന്ന സംശയമിതായിരിക്കും. എംടിയും പത്മരാജനും എഴുതിയ എണ്ണംപറഞ്ഞ തിരക്കഥകളും അതിനെ അധികരിച്ചുണ്ടായ നിത്യഹരിത സിനിമകളും നമ്മുടെ മുന്നിലുണ്ട്. അവ നമ്മെ അധീരരാക്കും. പക്ഷേ ഒന്നോർക്കുക നമ്മെ പൊട്ടിച്ചിരിപ്പിച്ച കോമഡി എന്റർടൈനറുകളുടെ ലിസ്റ്റെടുത്താൽ അതിൽ ഇവരുടെ ചിത്രങ്ങൾ കാണണമെന്നില്ല. ആവേശം കൊള്ളിച്ച ആക്ഷൻ ത്രില്ലറുകളെടുത്താൽ അതിലും ഇവരുടെ ചിത്രങ്ങൾ ഉണ്ടായി എന്നുവരില്ല. എന്തിന്, മലയാളത്തിലെ എക്കാലത്തേയും വലിയ ബോക്സോഫീസ് വിജയ ചിത്രങ്ങളുടെ ശില്പികളുമല്ല മേൽപ്പറഞ്ഞവർ. അതുകൊണ്ട് ആദ്യമേ മനസ്സിൽ കുറിക്കുക അവരുടെ ചിന്തകൾ അവരുടേതാണ് നമ്മുടെ ചിന്തകൾ നമ്മുടേതും. അവിടെ നമുക്ക് മുൻ മാതൃകകളില്ല. സ്വപ്നം കാണാനുള്ള കഴിവും അത് പേപ്പറിലേക്ക് പകർത്താനുള്ള മനസ്സുമുണ്ടെങ്കിൽ നിങ്ങൾക്കും ഒരു തിരക്കഥാകൃത്താവാം. അതിന് സാഹിത്യവാസന വേണമെന്നൊന്നുമില്ല.

എങ്ങിനെയാണ് ഒരു കഥ കണ്ടെത്തുന്നത്?
അത് പലവിധമാണ്. ഒരു ചെറിയ സംഭവമാവാം, ഒരാളുടെ ജീവിതമാവാം, ചിലപ്പോൾ ഒരു പ്രത്യേക സ്വഭാവമുള്ള വ്യക്തി തന്നെയുമാവാം. പുലിയിറങ്ങുന്നതുമൂലം പൊറുതിമുട്ടിയ ഒരു മലയോര ഗ്രാമത്തിലെ ജനങ്ങൾ പുലിയെ പിടിക്കാൻ ഒരു വേട്ടക്കാരനെ വരുത്തുകയും ഒടുവിൽ അയാൾ പുലിയേക്കാൾ വലിയ ഉപദ്രവമാവുകയും ചെയ്യുന്ന സംഭവമാണ് 'മൃഗയ'.ഒരു പ്രത്യേക സാഹചര്യത്തിൽ ഊമയായി അഭിനയിക്കേണ്ടിവരുന്ന ഒരു ചെറുപ്പക്കാരന്റെ അവസ്ഥയാണ് 'പഞ്ചാബിഹൗസ്'.  മുഷിഞ്ഞ വസ്ത്രവും കൈയ്യിലൊരു ബാഗുമായി പഴയൊരു സുഹൃത്തിനെ തേടിവരുന്ന ശിവൻ കുട്ടി. അയാൾ നിഷ്ക്കളങ്കനാണ് എന്നാൽ അയളുടെ ഉള്ളിൽ കനലുപോലെ എന്തോ ഒന്ന് എരിയുന്നുണ്ട്. ആ കാരണത്തിലേക്കുള്ള ബ്ലസ്സിയുടെ ചിന്തകളുടെ യാത്രയാണ് 'ഭ്രമരം'. മേൽപ്പറഞ്ഞതുപോലെ ഒരനുഭവം അല്ലെങ്കിൽ ഒരു വാർത്ത നമ്മെ ഊണിലും ഉറക്കത്തിലും പിന്തുടരുന്നുവെന്നിരിക്കട്ടെ, അതായിരിക്കും നമ്മുടെ കഥാബീജം. ഒരു കഥാബീജം കണ്ടെത്തിക്കഴിഞ്ഞാൽ ഉടനേ എഴുത്ത് തുടങ്ങണമെന്നില്ല. അതിനെ മനസ്സിലിട്ട് ഒന്ന് പരുവപ്പെടുത്തുക. അതിലേക്ക് നമ്മുടെ ചിന്തകളും, അനുഭവങ്ങളും വെള്ളവും വളവുമായി ചേർക്കുക. പതിയെ അതൊരു കഥാരൂപം പ്രാപിക്കുന്നത് നമുക്ക്തന്നെ അറിയാൻ പറ്റും.

ഒരു കഥ എന്നു പറയുമ്പോൾ അതിന് ഒരു ആദി മദ്ധ്യാന്തം ഉണ്ടാവണം. (Start-Middle-End) ,നമ്മുടെ കഥാബീജം ചിലപ്പോൾ സ്റ്റാർട്ടോ മിഡിലോ എൻഡോ ആകാം. ശിവൻ കുട്ടി എന്ന വ്യക്തിയുടെ വരവും അയാളുടെ ഉദ്ദേശലക്ഷ്യങ്ങളിലേക്കുള്ള ക്രമാനുഗതമായ വികാസവുമാണ് ഭ്രമരം. എന്നാൽ ഉണ്ണി എന്ന ചെറുപ്പക്കാരന് ഊമയായി അഭിനയിക്കേണ്ടി വന്ന സാഹചര്യവും തുടർന്നുണ്ടാകുന്ന അനുഭവങ്ങളും പരിസമാപ്തിയുമാണ് പഞ്ചാബിഹൗസ്. അതായത് കഥാബീജത്തിൽ നിന്നും മുന്നിലേക്കും പിന്നിലേക്കും ഒരേപോലെ വികസിപ്പിച്ച താണ് ആ കഥ. മറ്റൊരു രീതി കൂടിയുണ്ട്, അതിൽ ക്ലൈമാക്സാവും ആദ്യമുണ്ടാവുക. അതിൽ നിന്നും പിന്നിലേക്ക് വികസിപ്പിച്ചാണ് കഥയുണ്ടാക്കുന്നത്. പ്രശസ്ത സംവിധായകൻ സിദ്ധിക്ക് ഇത്തരത്തിലാണ് കഥയുണ്ടാക്കുന്നത് എന്ന് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. ഒരാൾ നല്ല ഡ്രൈവറാകുന്നത് മികച്ച രീതിയിൽ കാറോടിക്കുമ്പോൾ മാത്രമല്ല, അത് സുരക്ഷിതമായി നിർത്തുമ്പോൾ കൂടിയാണ്. ക്ലൈമാസിൽ നിന്നും റിവേഴ്സ് ഓർഡറിൽ സംഭവങ്ങൾ ഉണ്ടാക്കി തുടക്കത്തിലെത്തുക. വ്യക്തിപരമായി പറഞ്ഞാൽ ഞാൻ ഈ ഒരു രീതിയാണ് കഥയെഴുതുമ്പോൾ അവലംബിക്കാറുള്ളത്. തൃപ്തികരമായ ഒരു അവസാനം ഉണ്ടെങ്കിൽത്തന്നെ കഥ മോശമാവില്ല എന്ന അഭിപ്രായമാണ് എന്റേത്.

എഴുതി തുടങ്ങുന്നതിന് മുൻപ് ആ കഥക്ക് മറ്റു കഥകളുമായോ, മുമ്പ് പുറത്തിറങ്ങിയിട്ടുള്ള സിനിമകളുമായോ ഏതെങ്കിലും വിധത്തിലുള്ള സാമ്യം ഉണ്ടോ എന്ന് തിരക്കുന്നത് നന്നായിരിക്കും. പ്രകടമായ സാമ്യം തോന്നുന്നുവെങ്കിൽ അത് ഉപേക്ഷിക്കുന്നതാവും നല്ലത്. കാരണം നമ്മൾ എഴുതാൻ പോവുന്നത് ബ്ലോഗിലോ , ഫേസ്ബുക്കിലോ മറ്റോ പോസ്റ്റ്ചെയ്യാനുള്ള, ആത്മ സംതൃപ്തിക്കു വേണ്ടിയുള്ള കഥയല്ല, മറിച്ച് കോടികൾ മുടക്കി - ജനലക്ഷങ്ങൾക്ക് കണ്ടാസ്വദിക്കാനുള്ള ഒരു വിനോദോപാധിയുടെ ബ്ലൂപ്രിന്റാണ്. (ഷോർട്ട് ഫിലിമിനും ഒരു പരിധിവരെ ഇത് ബാധകമാണ് കേട്ടോ.) നമ്മുടെ കഥ ഒരു സംവിധായകനേയോ, നിർമ്മാതാവിനേയോ, അഭിനേതാവിനേയോ ആകർഷിക്കണമെങ്കിൽ അതിനൊരു മൗലികത വേണം.  ആസ്വാദനത്തിന്റെ പുതിയൊരു തലം അനുഭവവേദ്യമാകുമ്പോഴാണല്ലോ അത് ജനപ്രിയമാവുന്നത്. തിരക്കഥാ രചന പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ഇതിന് 'ഹുക്ക് പോയിന്റ്' 'വൗ ഫാക്ടർ' എന്നൊക്കെ പറയാറുണ്ട്. നമ്മുടെ കഥയിലെ ഹുക്ക് പോയിന്റ് എന്താണെന്നത് നമ്മൾ തന്നെ കണ്ടെത്തുന്നത് നന്നായിരിക്കും. ഉദാഹരണത്തിന് 'ഒരു വാടകക്കൊലയാളി, തന്നെ ദൗത്യം ഏൽപ്പിച്ചവരിൽ നിന്നും താൻ കൊല്ലേണ്ട ആളെ സംരക്ഷിക്കുന്നു' എന്നു പറയുന്നതിൽ ഒരു കൗതുകമുണ്ട്. ഈ ഒരു 'വൗ ഫാക്ടർ' ആണ് 'ഹിസ് ഹൈനസ് അബ്ദുള്ള' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ ത്രെഡ്.

ഇത്തരത്തിൽ മനസ്സിൽ പൂർത്തിയാക്കിയ കഥ വേണമെങ്കിൽ നമുക്കൊരു പേപ്പറിലേക്ക് പകർത്താം. പരത്തി എഴുതണമെന്നൊന്നുമില്ല. പരമാവധി രണ്ടുപേജിൽ നമുക്ക് ഈ കഥ ഒതുക്കാൻ പറ്റും. അടുത്ത ഘട്ടത്തിലാണ് ഇത് തിരക്കഥയാക്കുന്നത്. (തുടരും)